നാല്‍പ്പത് വര്‍ഷം കടന്നു പോയിട്ടും മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ എന്ന കഥാപാത്രത്തോട് തനിക്ക് പ്രത്യേകമായ ഒരിഷ്ടമുണ്ടെന്നാണ് മോഹൻലാൽ പറയുന്നത്. അതിനൊരു കാരണവുമുണ്ട് മോഹൻലാലിന് പറയാൻ.
തീയറ്ററുകളിൽ വില്ലത്തരം കാണിച്ചു കൊണ്ട് എത്തിയ നരേന്ദ്രൻ എന്ന മോഹൻലാൽ കഥാപാത്രത്തെ കുടുംബപ്രേക്ഷകർക്ക് അത്രയ്ക്കൊന്നും ഇഷ്ടമായിരുന്നില്ല. വില്ലത്തരം മാത്രം കാട്ടുന്ന ഒരാളോട് തോന്നുന്ന വികാരമായിരുന്നു അത്. എന്റെ സീനുകള്‍ വരുമ്പോൾ തിയറ്ററുകളിൽ സ്ത്രീകള്‍ ‘അയ്യോ കാലന്‍ വരുന്നുണ്ടെ’ന്ന് പറയുമായിരുന്നു. അതു കേട്ടപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആദ്യദിവസം തന്നെ കാണാനെത്തിയ അമ്മയ്ക്കും അച്ഛനും വിഷമം ആയെന്നും മോഹൻലാൽ പറഞ്ഞു.
അങ്ങനെയൊക്കെ ആണെങ്കിലും നരേന്ദ്രനോട് എനിക്ക് പ്രത്യേകമായ ഒരിഷ്ടമുണ്ട്. വലിയ മോഹങ്ങളൊന്നുമില്ലാതെ സിനിമയുടെ പടവുകള്‍ക്ക് താഴെ ക്ഷമാപൂര്‍വ്വം നിന്ന തന്നെ ഈ ഉയരങ്ങളിലേക്ക് പിടിച്ചു കയറ്റിയത് ആ കഥാപാത്രമാണ് - മോഹൻലാൽ പറഞ്ഞു.
ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച് 1980ൽ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ നടി പൂർണ്ണിമയുടേയും ആദ്യചിത്രമായിരുന്നു. മലയാളികളുടെ ഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞ ഒരുപിടി ഗാനങ്ങളും ചിത്രത്തിലുണ്ടായിരുന്നു. ശങ്കർ, നെടുമുടി വേണു, പ്രതാപചന്ദ്രൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. കൊടൈക്കനാലിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്.