നടനും സംവിധായകനുമായ മുഹമ്മദ് മുസ്തഫയുടെ ‘കപ്പേള’ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയതുമുതൽ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സിനിമ മേഖലയിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപ് കപ്പേളയെ പ്രശംസിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൻറെ തിരക്കഥ അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല മുസ്തഫയുടെ ഇനി വരാനിരിക്കുന്ന സിനിമകൾക്കായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ എഴുതി.
കപ്പേള ഒരു പ്രത്യേക സാഹചര്യത്തിൽ കുടുങ്ങുന്ന ഗ്രാമീണ പശ്ചാത്തലുള്ള ഒരു പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. ഒരു മനുഷ്യനെക്കുറിച്ചുള്ള മുന്‍ധാരണകൾ എങ്ങനെ തെറ്റായി പോകാമെന്ന് പറയാൻ സിനിമ ശ്രമിക്കുന്നു.
ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനുമുമ്പ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ അവസാനത്തെ മുഖ്യധാരാ ചിത്രമാണ് ‘കപ്പേള'. മാർച്ച് നാലിന് കേരളത്തിലുടനീളമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തു. പിന്നീട് ലോക്ക് ഡൗൺ നീളുന്ന സാഹചര്യത്തിലാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തിയത്. അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി, തൻവി റാം, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.